കുട്ടിക്കുറ്റവാളികൾ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടില്ല… കർശന നടപടിയെന്ന്…

കോഴിക്കോട്: ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പഴുത് മറയാക്കി കുട്ടികൾ മനഃപൂർവം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിക്കുറ്റവാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ ആരംഭിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് ആളുകളെ അപകടത്തിൽപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിൽ ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും കൂടുതൽ പ്രാധാന്യം നൽകും. ഇതിന്റെ ഭാഗമായി 35 ആശുപത്രികളുടെ യോഗം ഈ മാസം 15ന് ചേരും. തുടർന്ന് 16ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്ന പ്രവണതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നടപടി നേരിട്ടശേഷം പൊലീസിനെതിരെ പരാതിയുമായി വരരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ തൂഫാൻ സജീവമായി മുന്നോട്ടുപോകുകയാണെന്നും സംസ്ഥാനത്ത് 40 ലക്ഷം തൂഫാൻ വാരിയേഴ്സ് പ്രവർത്തിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹം ഏറ്റെടുത്ത ദൗത്യമെന്ന നിലയിൽ ഓപ്പറേഷൻ തൂഫാൻ വിജയകരമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button