അക്ഷരയുടെ ജീവനെടുത്ത ബസിനെതിരെ നാല് വർഷത്തിനിടെ 154 കേസുകൾ… പിഴയടച്ചത്…

എറണാകുളം: കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിൽപ്പെട്ട സ്വകാര്യ ബസായ ‘മലയിൽ’ ബസിനെതിരെ നാല് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 154 കേസുകൾ. 2022 മുതൽ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. എന്നാൽ ഇതിൽ ചുരുക്കം കേസുകളിൽ മാത്രമാണ് പിഴയടച്ചതെന്നാണ് വിവരം. അമിതവേഗം, ട്രാഫിക് സിഗ്നൽ ലംഘനം, ഡോർ തുറന്നിട്ടുള്ള യാത്ര തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് ബസിന്റെ പേരിലുള്ളത്.
നേരത്തെ ബസിന്റെ പെർമിറ്റ് പത്ത് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. ബസ് ഉടൻ നിരത്തിലിറക്കാൻ കഴിയാത്ത വിധത്തിലുള്ള കർശന നടപടികൾ വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോൺ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും നിലവിലെ സമയക്രമമാണ് പ്രധാന പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. രണ്ടര മിനിറ്റ് കൊണ്ട് എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ലെന്നും സമയക്രമം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കടുത്ത വിമർശനം ഉന്നയിച്ചത്. ചില ബസ് ഡ്രൈവർമാർ റോഡിന്റെ അധിപന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ഭ്രാന്തന്മാരെപ്പോലെയാണ് റോഡിൽ അഭ്യാസം കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സമയക്രമത്തിന്റെയും ലാഭത്തിന്റെയും പേരിൽ അപകടകരമായ ഡ്രൈവിങ്ങിനെ ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. റോഡിൽ സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ തുല്യ അവകാശമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. നടപ്പാതകൾ ശരിയാക്കാത്ത പക്ഷം കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് കോടതി കയറേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
ബസ് ഡ്രൈവർമാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ ഡ്രൈവർമാരെയും ഒരാഴ്ചയ്ക്കകം ക്യുആർ കോഡ് അധിഷ്ഠിത സ്മാർട്ട് ഐഡി സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു. നിർദേശങ്ങൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകാമെന്ന പൊലീസിന്റെ നിർദേശത്തെയും കോടതി പിന്തുണച്ചു. നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് മടിക്കരുതെന്നും വ്യക്തമാക്കി. ഇത്രയേറെ കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും മാറ്റമുണ്ടാകുന്നില്ലെങ്കിൽ അത് സംവിധാനത്തിന്റെ പൂർണ പരാജയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.



