അഞ്ച് പതിറ്റാണ്ട് നീളുന്ന അഭിനയ പ്രതിഭ; ദാദാസാഹേബ് പുരസ്കാരം..

കന്നഡ സിനിമയിലെ പ്രശസ്ത അഭിനേതാവ് അനന്ത് നാഗിന് 2024 ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അനന്ത് നാഗ് കർണ്ണാടക മുൻ മന്ത്രിയുമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്കാരം നേടിയ അനന്ത് നാഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 2025 ൽ പദ്മഭൂഷൺ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്. മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ ചിത്രമായ സ്വാതി തിരുനാളിൽ സ്വാതി തിരുനാളായി അഭിനയിച്ചത് അനന്ത് നാഗ് ആയിരുന്നു.

പ്രധാനമായും കന്നഡ സിനിമകളിയാണ് അദ്ദേഹത്തിന്‍റെ അഭിനയ പ്രതിഭ പ്രേക്ഷകര്‍ കണ്ടതെങ്കിലും ഹിന്ദി, മറാഠി, തെലുങ്ക്, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1970 കളിലെ സമാന്തര സിനിമയുടെ പതാകാവാഹകരില്‍ ഒരാളായിരുന്നു അനന്ത് നാഗ്. ശ്യാം ബെനഗലിന്‍റെ അങ്കൂര്‍, ഭൂമിക, കൊണ്ടുര തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയറിന്‍റെ തുടക്കത്തില്‍ തന്നെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. സ്വാഭാവിക അഭിനയ വഴികളില്‍ സഞ്ചരിച്ച അനന്ത് നാഗ് വൈവിധ്യമാര്‍ന്ന വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യധാരാ, സമാന്തര സിനിമകളില്‍ ഒരുപോലെ പ്രതിഭ തെളിയിച്ച അഞ്ച് പതിറ്റാണ്ടോളമെത്തുന്ന കലാജീവിതത്തിനാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്കാരം ഇപ്പോള്‍ തേടിയെത്തുന്നത്.

Related Articles

Back to top button