‘പുതിയ മന്ത്രിസഭയിൽ ഏറെ നിരാശ…അൻവർ സാദത്തിനെ മന്ത്രിയാക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാവ്…

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പരസ്യ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു. കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ ആലുവയിലെ ജനങ്ങളുടെ വലിയ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ജനകീയ എംഎല്‍എയില്‍ നിന്ന് അന്‍വറിന്റെ ജനകീയ മന്ത്രിയിലേക്കുള്ള പ്രവേശനമെന്ന് ലിന്റോ പറഞ്ഞു. പുതിയ മന്ത്രിസഭയില്‍ വ്യക്തിപരമായി ഏറെ നിരാശ തോന്നിയ ഒരേയൊരു തീരുമാനമാണിതെന്നും ലിന്റോ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിന്റോയുടെ വിമര്‍ശനം.
അന്‍വര്‍ സാദത്ത് മന്ത്രിസ്ഥാനത്തേയ്ക്ക് എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. അന്‍വര്‍ സാദത്തിനായി രമേശ് ചെന്നിത്തല ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ അന്‍വര്‍ സാദത്തിന്റെ പേര് ഉണ്ടായിരുന്നില്ല. മന്ത്രി ചര്‍ച്ചകളില്‍ ഒരുവേള പോലും ഇടപിടിക്കാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്, റോജി എം ജോണ്‍, കെ എ തുളസി എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റുള്ളവര്‍.



