ഈ ജില്ലയിലെ 7 വില്ലേജുകളിൽ 24 ന് ഹർത്താൽ

പത്തനംതിട്ട പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ സി പി എം. കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24 ന് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ് ഹർത്താലെന്ന് സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു. ഇതിന്റെ പ്രചാരണാർഥമുള്ള വാഹന ജാഥ ഒക്ടോബർ മൂന്നാം വാരം വില്ലേജുകളിൽ പര്യടനം നടത്തും. കരട് വിജ്ഞാപനം അന്തിമമായാൽ കൃഷി,വീട് നിർമ്മാണം ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും വനം വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന എൻവയൺമെന്റൽ അതോറിറ്റിയുടെ അനുമതി വാങ്ങണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഈ മേഖലകളെല്ലാം വന്യമൃഗങ്ങൾക്ക് സഞ്ചരിക്കാനുള്ള ഇടനാഴികളാക്കി മാറ്റണമെന്നാണെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.




