വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം, കൽപ്പറ്റ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസമാരംഭിച്ചു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ് നടന്നു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗൺഷിപ്പിലേക്ക് താമസം മാറിയ ആദ്യ കുടുംബം. സോൺ 1 ലെ ഡി ക്ലസ്റ്ററിലെ 38-ാം നമ്പർ വീട്ടിലാണ് ഇവരുടെ കുടുംബം താമസം ആരംഭിച്ചത്. വിജയന്റെ ഭാര്യ ലാലു, മകൻ കെ.വി. സ്മിജിത്ത്, മരു മകൾ സജിത, പേരക്കുട്ടികൾ എന്നിവരാണ് പുതിയ വീട്ടിലെ താമസക്കാർ.
ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഗൃഹപ്രവേശ ചടങ്ങിൽ കുടുംബാംഗങ്ങളും നാട്ടുകാരും ജന പ്രതിനിധികളും പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബവുമായി അപ്രതീക്ഷിതമായി വിഡിയോ കോളിൽ സംസാരിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. സംഭാഷണത്തിനിടെ പിണറായി വിജയൻ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കുകയും ചെയ്തു.




