ഏറ്റവും ഇഷ്ടമുള്ള വിഭവം മാമ്പഴ പുളിശ്ശേരി, ഉറക്കം വെറും നാല് മണിക്കൂർ; വി.ഡി. സതീശന്റെ ജീവിതശൈലി ഇങ്ങനെ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശൻ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ഭക്ഷണശീലങ്ങളും ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. കടുത്ത രാഷ്ട്രീയ തിരക്കുകൾക്കിടയിലും ആരോഗ്യവും ശരീരഭാരവും നിയന്ത്രിച്ച് മുന്നോട്ടുപോകുന്ന ശീലങ്ങളാണ് വി.ഡി. സതീശനെ വേറിട്ടുനിർത്തുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 25 വർഷമായി ഒരേ ശരീരഭാരം നിലനിർത്തുന്നുവെന്ന് സതീശൻ വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളും സമ്മർദങ്ങളും കാരണം അടുത്തിടെ നാല് കിലോ വരെ ഭാരം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
സാധാരണയായി എല്ലാ ദിവസവും 40 മിനിറ്റ് സമയം മൂന്നോ നാലോ കിലോമീറ്റർ നടക്കാറുണ്ടെന്നും വി.ഡി. സതീശൻ പറയുന്നു. കഴിഞ്ഞ ആറുമാസമായി അത്യന്തം തിരക്കേറിയ രാഷ്ട്രീയ ജീവിതമായതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഷ്ടവിഭവം മാമ്പഴ പുളിശ്ശേരി
രാഷ്ട്രീയ നേതാവിന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനും വി.ഡി. സതീശന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം മാമ്പഴ പുളിശ്ശേരിയാണ്. അതിനൊപ്പം മത്സ്യവിഭവങ്ങളും ഏറെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മാംസാഹാരവും കഴിക്കാറുണ്ടെങ്കിലും വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിക്കണമെന്ന് തോന്നുന്ന അളവിന്റെ പകുതി മാത്രമാണ് ഭക്ഷണം കഴിക്കാറെന്നും വി.ഡി. സതീശൻ പറയുന്നു.
ചായയും കാപ്പിയും ഒരുപോലെ ഇഷ്ടമാണെന്നും, രാഷ്ട്രീയത്തിൽ ശബ്ദത്തിന് വലിയ പ്രാധാന്യമുള്ളതിനാൽ തൊണ്ട സംരക്ഷിക്കാൻ തണുത്ത ഭക്ഷണങ്ങളേക്കാൾ ചൂടുള്ള വിഭവങ്ങളാണ് കൂടുതലായി തിരഞ്ഞെടുക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഉറക്കക്കുറവ് വെല്ലുവിളി
ഭക്ഷണത്തേക്കാൾ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ഉറക്കക്കുറവാണെന്നാണ് നിയുക്ത മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. രാവിലെ വളരെ നേരത്തെ എഴുന്നേൽക്കുകയും രാത്രി വൈകിയാണ് ഉറങ്ങാൻ സാധിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചില ദിവസങ്ങളിൽ രണ്ട് മുതൽ നാല് മണിക്കൂർ വരെ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. അഞ്ച് മണിക്കൂർ ഉറങ്ങാൻ കഴിഞ്ഞാൽ അത് വലിയ സന്തോഷമാണെന്നും വി.ഡി. സതീശൻ തുറന്നു പറഞ്ഞു.



