പി വി അൻവറിന് വീണ്ടും തിരിച്ചടി… വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി….

കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ പി.വി. അൻവർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് സമാന ആവശ്യവുമായി അൻവർ നൽകിയ ഹർജി ഹൈക്കോടതി തള്ളുന്നത്. ഇരുപത്തിരണ്ടര കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കിയുള്ള വിജിലൻസ് കേസ്. വായ്പ ക്രമക്കേടിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
എന്നാൽ വിജിലൻസ് കേസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും, എഫ്.ഐ.ആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. ഇത് സ്ഥിരീകരിച്ചതോടെ, ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ഹൈക്കോടതി ഹർജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലും സമാന ആവശ്യവുമായി അൻവർ എത്തിയെങ്കിലും ഹൈക്കോടതി ഇത് തള്ളിയിരുന്നു. കേരള ഫിനാൻസ് കോർപ്പറേഷൻ (കെ.എഫ്.സി) മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽമനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ് പി., പി.വി. അൻവർ, പി.വി. അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെ പ്രതിചേർത്ത് കഴിഞ്ഞ വർഷം ജൂലൈ 29-നാണ് തിരുവനന്തപുരം വിജിലൻസ് കേസെടുത്തത്.



