രാജ്യത്തിനായി പോരാടിയതിന് ബിഗ് സല്യൂട്ട്… മെസിക്ക് സ്നേഹാദരങ്ങളുമായി റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയ അർജന്റീനയുടെ ഇതിഹാസ താരം ലിയോണൽ മെസിക്ക് ആദരവറിയിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചരിത്രത്തിലെ എക്കാലത്തെയും മികച്ച വൈരികൾ കളിക്കളത്തിന് പുറത്ത് സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പുതിയ മാതൃക തീർക്കുകയാണിവിടെ. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ ബെനിനെതിരെയുള്ള വിടവാങ്ങൽ മത്സരത്തിന് ശേഷമാണ് മെസി അർജന്റീന കുപ്പായം അഴിച്ചുവെച്ചത്. അർജന്റീനയ്ക്കായുള്ള തന്റെ അവിസ്മരണീയമായ യാത്രയെക്കുറിച്ച് മെസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് റൊണാൾഡോ സ്നേഹസന്ദേശവുമായി എത്തിയത്.

“ലിയോ, ഇത്രയും വർഷങ്ങൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയതിന് ബിഗ് സല്യൂട്ട്, എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്രമാണ് നീ കുറിച്ചിട്ടത്. അർജന്റീനയ്ക്കായി നീ കൈവരിച്ച എല്ലാ നേട്ടങ്ങളോടും എനിക്ക് വലിയ ബഹുമാനമുണ്ട്. സ്നേഹത്തോടെ ഒരു ആലിംഗനം” എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

“ഇന്നലെ അർജന്റീനയ്ക്കായുള്ള എന്റെ അവസാന മത്സരമായിരുന്നു. ആ നീലയും വെള്ളയും കുപ്പായമണിയുന്നത് ഞാൻ ഇപ്പോൾ തന്നെ മിസ്സ് ചെയ്തു തുടങ്ങി. സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നു ഈ യാത്ര. സ്വർഗത്തിൽ ഇരുന്ന് ഞങ്ങളെ വഴികാട്ടിയ ഡീഗോ മറഡോണയെയും ഞാൻ ഓർക്കുന്നു” എന്ന് മെസി കുറിച്ചു.

ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിൽ 3-0ന്റെ ഉജ്ജ്വല ജയത്തോടെയാണ് അർജന്റീനയും മെസിയും പടിയിറങ്ങിയത്. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയാണ് മെസി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കിയത്. അർജന്റീനയ്ക്കായി 208 മത്സരങ്ങളിൽ നിന്ന് 126 ഗോളുകൾ നേടിയിട്ടുള്ള താരം, ഒരു ലോകകപ്പും (2022) രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും (2021, 2024) രാജ്യത്തിന് സമ്മാനിച്ചാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയുന്നത്.

Related Articles

Back to top button