വാൽപ്പാറ ദുരന്തം… വണ്ടി ഓടിച്ചത് ട്രാവലർ ഡ്രൈവറല്ല…. സ്കൂൾ ബസ് ഡ്രൈവറെന്ന് കണ്ടെത്തൽ… അന്വേഷണ റിപ്പോർട്ട് പുറത്ത്

വാൽപ്പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപ്പാറ വാഹനാപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് യഥാർത്ഥ ഡ്രൈവർ മുഹമ്മദ് ഫായിസ് അല്ലെന്നും, മറിച്ച് സംഘത്തിലുണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദാണെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. തമിഴ്‌നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
നിയന്ത്രണം വിട്ട ട്രാവലർ 13-ാം വളവിൽ നിന്ന് സംരക്ഷണ ഭിത്തി തകർത്ത് 9-ാം വളവിലേക്കാണ് പതിച്ചത്. താഴേക്ക് പതിക്കുന്നതിനിടയിൽ വാഹനം വലിയ പാറക്കെട്ടുകളിൽ ഇടിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. വാഹനം താഴേക്ക് മറിയുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണവർ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. താഴെ പാറക്കെട്ടിൽ പതിച്ച വാഹനം പൂർണ്ണമായും തകർന്നുപോയി.
കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മരിച്ച സാജിതയുടെ മകൻ ഷഹദിൻ, ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസ്, പാങ്ങ് ഗവ. എൽപി സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് എന്നിവരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം 5:15-ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട 13 അംഗ സംഘം അപകടത്തിൽപ്പെട്ടത്.



