‘എന്റെ ദൃശ്യങ്ങൾ അയാളുടെ കയ്യിലുണ്ട്, എനിക്ക് പേടിയാണ്’….. നീതി തേടി 14-കാരി…. താമരശ്ശേരി പൊലീസിനെതിരെ….

താമരശ്ശേരി: പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ താമരശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. പ്രതിയായ താമരശ്ശേരി സ്വദേശി ജയ്ഷാദ് വിദേശത്തേക്ക് കടന്നിട്ടും ഇയാളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. നീതിക്കായി രണ്ട് വർഷമായി സ്റ്റേഷൻ കയറിയിറങ്ങുകയാണ് പെൺകുട്ടി.
ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പെൺകുട്ടിയെ നിർബന്ധപൂർവ്വം വേലപ്പാറ എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ക്രൂരത കാട്ടിയത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് പെൺകുട്ടിക്ക് തന്നെ അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. 2024 മാർച്ചിൽ പരാതി നൽകിയിട്ടും ജയ്ഷാദിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടി ആരോപിക്കുന്നു. പരാതിക്ക് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.
തന്റെ നഗ്നദൃശ്യങ്ങൾ ഇപ്പോഴും പ്രതിയുടെ കൈവശമുണ്ടെന്നും അത് എപ്പോൾ വേണമെങ്കിലും പ്രചരിപ്പിക്കപ്പെടുമോ എന്ന ഭീതിയിലാണ് താനെന്നും പെൺകുട്ടി പറയുന്നു. പ്രതി വിദേശത്താണെന്ന വിവരം പൊലീസിനും അറിയാമായിരുന്നുവെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് താമരശ്ശേരി സി.ഐ നൽകുന്ന വിശദീകരണം. എന്നാൽ രണ്ട് വർഷമായിട്ടും അന്വേഷണം എങ്ങുമെത്താത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.



