‘വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍’….”അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമേയുള്ളൂ, അമ്മയെ മനസ്സിൽ വിചാരിച്ചു”…. സത്യപ്രതിജ്ഞാ വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ തന്റെ മുഴുവൻ പേര് ഉച്ചരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞാ സമയത്ത് അച്ഛന്റെ പേര് പറഞ്ഞതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. “എന്റെ അച്ഛന്റെ പേര് അതാണ്. സത്യത്തിൽ അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാൻ എംഎൽഎ ആകുന്നതിന് മുൻപ് തന്നെ രണ്ടുപേരും മരിച്ചുപോയതാണ്. സത്യപ്രതിജ്ഞാ സമയത്ത് എന്റെ ഫുൾ നെയിം വായിച്ചു എന്ന് മാത്രമേയുള്ളൂ. പാസ്‌പോർട്ടിൽ ഒക്കെ ഉള്ളത് പോലെയാണത്. അച്ഛന്റെ പേര് പറയുന്നത് സന്തോഷമുള്ള കാര്യമാണ്, നിറഞ്ഞ മനസ്സോടെയാണ് ഞാനത് പറഞ്ഞത്. മാതാപിതാക്കളെ എപ്പോഴും ഓർക്കണം, ആ സമയത്ത് അമ്മയെ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്.” – മുഖ്യമന്ത്രി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വന്ദേമാതരം ആലപിച്ചത് സർക്കാർ അറിഞ്ഞുകൊണ്ടല്ലെന്നും അത് രാജ്ഭവന്റെ (ലോക്ഭവൻ) നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിനിടെ പാടിത്തുടങ്ങിയപ്പോൾ മാത്രമാണ് താനും ഇതേക്കുറിച്ച് അറിഞ്ഞതെന്നും, ആ സമയത്ത് അതിനിടയിൽ കയറി തടസ്സപ്പെടുത്താൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ‘തിണ്ണ നിരങ്ങാൻ പോകില്ല’ എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പൊതുരംഗത്തുള്ളവർക്ക് എല്ലാവരുമായി നല്ല ബന്ധം ആവശ്യമാണ്. എന്നാൽ യുഡിഎഫിന്റെ അടിസ്ഥാന നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. വർഗ്ഗീയതയോട് ഒരു തരത്തിലുള്ള സന്ധിയുമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രിയോടെ തന്നെ ചർച്ചകൾ പൂർത്തിയായിരുന്നു. എന്നാൽ ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് വകുപ്പുകൾ ഔദ്യോഗികമായി നൽകാതിരുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



