പ്രതികളെ ഇടാൻ സ്ഥലമില്ല, നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമുള്ള ജയിലിൽ നിലവിൽ 215 തടവുകാരാണുള്ളത്. ഇവരിൽ മൂന്നിലൊന്നോളം പേർ ലഹരിക്കേസുകളിൽ റിമാൻഡിലായവരാണ്. തടവുകാരുടെ എണ്ണം വർദ്ധിച്ചതോടെ പല ലോക്കപ്പ് മുറികളിലും കിടക്കാൻ പോലും മതിയായ സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്. ഒൻപത് വലിയ ലോക്കപ്പ് മുറികളും അഞ്ച് ചെറിയ ലോക്കപ്പ് മുറികളും നാല് സിംഗിൾ ലോക്കപ്പ് മുറികളുമാണ് ജയിലിലുള്ളത്. ഫാനുകൾ ഉണ്ടായിട്ടും തിരക്ക് കാരണം തടവുകാർ കടുത്ത ബുദ്ധിമുട്ടിലാണ്. ജില്ലാ ജയിലിൻറെ ആകെ ശേഷി 87 പുരുഷന്മാർ, ആറ് ട്രാൻസ്ജെൻഡർ വിഭാഗക്കാർ, 11 വനിതകൾ എന്നിങ്ങനെയാണ്. എന്നാൽ വനിതാ ജയിലിലും ശേഷിയേക്കാൾ കൂടുതൽ പേരാണ് കഴിയുന്നത്. ഭൂരിഭാഗം പേരും റിമാൻഡ് തടവുകാരാണ്. ചെറിയ ശിക്ഷ ലഭിച്ച ഏതാനും പേരും ഇവർക്കൊപ്പമുണ്ട്.




