ഭരണചക്രം തിരിക്കുന്നത് നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല…. മുഹമ്മദ് റിയാസ് എംഎൽഎ

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. ഒരു ദുരന്ത സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ട പ്രതികരണമല്ല ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും, എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് കൊണ്ടുപോകുന്നതിന് പകരം മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണചക്രം തിരിക്കുന്നത് നിയമസഭയിൽ വെറുതെ വാചകമടിക്കുന്നത് പോലെയല്ലെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. ദുരന്തമുഖത്ത് നാഥനില്ലാത്ത അവസ്ഥയാണ്. കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ മന്ത്രിമാരും തോന്നിയതുപോലെയാണ് സംസാരിക്കുന്നതെന്ന് റിയാസ് ആരോപിച്ചു. ഒരു മന്ത്രി ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണെന്ന് പറയുമ്പോൾ, വേറൊരു മന്ത്രി ഇത് പഴയ സർക്കാരിന്റെ കുറ്റമാണെന്ന് പറഞ്ഞ് കൈകഴുകുന്നു. മറ്റൊരു മന്ത്രിയാകട്ടെ ഇത് തന്റെ ഡിപ്പാർട്ട്‌മെന്റിന്റെ പരിധിയിൽ വരുന്നതല്ലെന്നാണ് വ്യക്തമാക്കുന്നത്. ഇതാണ് ഇപ്പോഴത്തെ മന്ത്രിസഭയുടെ അവസ്ഥയെന്നും അദ്ദേഹം തുറന്നടിച്ചു.

കള്ളാടി ദുരന്തത്തിൽ ചില നിർണ്ണായക കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ അത് രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമല്ലാത്തതിനാൽ പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഏത് മനുഷ്യന്റെ വീഴ്ച കാരണമുണ്ടായ മണ്ണിടിച്ചിലാണെന്ന് വ്യക്തമാക്കാൻ മന്ത്രിമാർ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു. ദുരന്തസമയത്ത് പരസ്പരം കുറ്റപ്പെടുത്താതെ എല്ലാവരും ഒരുമിച്ച് ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ട സമയമാണിതെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് തന്നെയോ അല്ലെങ്കിൽ നാളെയോ കള്ളാടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button