സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി…. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും മഞ്ഞക്കുറ്റികളും നീക്കും…. സമരക്കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ പുരയിടങ്ങളിൽ സ്ഥാപിച്ച വിവാദ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും നിലനിൽക്കുന്ന കേസുകൾ അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് നൽകും. ഇപ്പോൾ കാലാവധി അവസാനിക്കുന്നതും 2026 ഓഗസ്റ്റ് 31-നകം കാലാവധി തീരുന്നതുമായ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ ദീർഘിപ്പിക്കാൻ പിഎസ്‌സിയോട് ശുപാർശ ചെയ്യും. സർക്കാരിന്റെ നൂറ് ദിവസത്തെ കർമ്മ പദ്ധതി ആസൂത്രണം ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് അനുയോജ്യമായ അതിവേഗ റെയിൽ പദ്ധതികൾക്ക് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സിൽവർ ലൈൻ നടപ്പാക്കിയിരുന്നെങ്കിൽ അത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമായിരുന്നു. കൃത്യമായ ഡിപിആർ (DPR) പോലും ഈ പദ്ധതിക്ക് ഉണ്ടായിരുന്നില്ല. മൺസൂൺ കാലം തുടങ്ങിയാൽ ഈ ട്രാക്കിലൂടെ ട്രെയിൻ മാത്രമല്ല, ബോട്ട് കൂടെ ഓടിക്കേണ്ടി വരുമായിരുന്നുവെന്നും വി.ഡി. സതീശൻ മുൻ പിണറായി സർക്കാരിനെ പരിഹസിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.



