‘ബഹിരാകാശത്തും ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്’; ആദ്യമായി തുറന്നുസമ്മതിച്ച് യുഎസ്

ഭൂമിയുടെ അതിരുകൾക്കപ്പുറത്തേക്കും ആയുധശക്തി വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ആദ്യമായി തുറന്നുസമ്മതിച്ച് യുഎസ് ഭരണകൂടം. അമേരിക്ക ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും ശത്രുക്കളിൽനിന്ന് യുഎസ് സേനയെ സംരക്ഷിക്കാൻ അവ അനിവാര്യമാണെന്നും യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് വ്യക്തമാക്കി. മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിലായിരുന്നു നിർണായക വെളിപ്പെടുത്തൽ.

എന്നാൽ ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്ന ആയുധം ഏതുതരത്തിലുള്ളതാണെന്ന കാര്യം യുഎസ് പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ ബഹിരാകാശ മേഖലയിൽനിന്ന് ഉയർന്നേക്കാവുന്ന ഭീഷണികളെ നേരിടാനും നിയന്ത്രിക്കാനും ശേഷിയുള്ള സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് മെയ്ൻകിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ബഹിരാകാശ മേഖലയിലെ അമേരിക്കയുടെ സൈനിക ശേഷി സംബന്ധിച്ച് ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത വിവരങ്ങളിലേക്ക് പുതിയ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നതായാണ് വിലയിരുത്തൽ.

ബഹിരാകാശത്തെ അമേരിക്കൻ സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള ഈ തുറന്ന പ്രഖ്യാപനം ചൈനയ്ക്കും റഷ്യയ്ക്കുമുള്ള മുന്നറിയിപ്പായും കണക്കാക്കപ്പെടുന്നു. ബഹിരാകാശ മേഖലയിലെ സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളും സജീവമായിരിക്കെയാണ് യുഎസിന്റെ പ്രഖ്യാപനം. ഭാവിയിലെ സംഘർഷങ്ങളിൽ ബഹിരാകാശത്തിന് നിർണായക പങ്കുണ്ടാകുമെന്ന അമേരിക്കൻ വിലയിരുത്തലും ഇതിലൂടെ വ്യക്തമാകുന്നു.

‘ശത്രുക്കളിൽനിന്ന് സംയുക്ത സേനയെ സംരക്ഷിക്കാൻ ശേഷിയുള്ള ആയുധങ്ങൾ അമേരിക്ക ബഹിരാകാശത്ത് വിന്യസിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ വെല്ലുവിളികളെ നേരിടാനും നിയന്ത്രണം ഉറപ്പാക്കാനും ആവശ്യമായ കൈനറ്റിക്, നോൺ-കൈനറ്റിക് മാർഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു’ എന്നാണ് യുഎസ് വ്യോമസേന വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.

അതേസമയം, ട്രംപ് ഭരണകൂടം ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ബഹിരാകാശത്തെ ആയുധ വിന്യാസം സംബന്ധിച്ച ഈ പ്രഖ്യാപനം.

Related Articles

Back to top button