ലഹരി മാഫിയകൾക്ക് യുഡിഎഫ് സർക്കാരിന്റെ പൂട്ട്….. പിടിക്കപ്പെട്ടാൽ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും പൂർണ്ണമായും അടിച്ചമർത്തുമെന്ന കടുത്ത പ്രഖ്യാപനവുമായി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കാലഹരണപ്പെട്ട രീതികൾ ഉപേക്ഷിച്ച്, കേരള എക്‌സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും നവീകരിക്കുമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ സഭയെ അറിയിച്ചു. ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ, സൈബർ മോണിറ്ററിംഗ്, ശക്തിപ്പെടുത്തിയ ഇന്റലിജൻസ് ശൃംഖലകൾ എന്നിവയിലൂടെ ലഹരിമരുന്നിന്റെ വിതരണ ശൃംഖലകൾ പാടേ തകർക്കുകയാണ് ഈ ഹൈടെക് മാറ്റത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയുടെ വിപത്ത് പൂർണ്ണമായി ഇല്ലാതാക്കാൻ മൂന്ന് പ്രധാന മേഖലകളിൽ കേന്ദ്രീകരിച്ചുള്ള തന്ത്രമാണ് സർക്കാർ നടപ്പിലാക്കുന്നത്. ലഹരിമരുന്നുകൾ സംസ്ഥാനത്തേക്ക് എത്തുന്ന വഴികളും വിതരണ ശൃംഖലകളും കർശനമായി തടയും. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരിക്ക് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് മണ്ണെത്തിക്കാൻ വിപുലമായ പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കും.

ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ജൂൺ മാസം മുതൽ ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി വൻതോതിലുള്ള ‘സംസ്ഥാനതല ആന്റി-ഡ്രഗ് മിഷൻ’ ആരംഭിക്കും. ഇതിനൊപ്പം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യപാനം കുറച്ചുകൊണ്ടുവരുന്നതിനുള്ള സമഗ്രമായ മദ്യനയവും സർക്കാർ സ്വീകരിക്കും.

Related Articles

Back to top button