ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച് പേപ്പറുകൾ വലിച്ചെറിഞ്ഞ നിയമവിദ്യാർത്ഥികൾ…..

സുപ്രീംകോടതി കോടതിമുറിക്കുള്ളിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും കേസ് ഫയലുകൾ വായുവിൽ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ രണ്ട് നിയമവിദ്യാർത്ഥികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗ സർവകലാശാലയിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ പ്രബൽ പ്രതാപ് സിംഗ്, ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു നിയമവിദ്യാർത്ഥിയായ ചന്ദർ ഭാൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലായ് 10-നായിരുന്നു രാജ്യത്തെ പരമോന്നത കോടതിയെ ഞെട്ടിച്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സുപ്രീംകോടതിയിൽ ജസ്റ്റിസ്മാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപിൽ സ്വന്തം കേസിൽ നേരിട്ട് ഹാജരാകുകയായിരുന്നു പ്രബൽ പ്രതാപ് സിംഗ്. വാദത്തിനിടെ, ലഖ്നൗ അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി അടിയന്തരമായി ഉത്തരവിടണമെന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, “നിങ്ങൾ ഞങ്ങളോട് ഉത്തരവിടുകയാണോ?” എന്ന് ചോദിച്ചതോടെ വിദ്യാർത്ഥി കോടതിമുറിയിൽ വൻ ബഹളം വെക്കുകയായിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും കയ്യിലുണ്ടായിരുന്ന കേസ് പേപ്പറുകൾ വായുവിൽ വലിച്ചെറിയുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇയാളെ കോടതിമുറിക്ക് പുറത്താക്കുകയായിരുന്നു.

വിദ്യാർത്ഥിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കോടതിയലക്ഷ്യമാണ് ഉണ്ടായതെങ്കിലും അദ്ദേഹത്തിനെതിരേ അത്തരം നടപടികളിലേക്ക് കടക്കാൻ ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ ബെഞ്ച് തയ്യാറായില്ല. വിദ്യാർത്ഥിയുടെ ഭാവി മുൻനിർത്തിയും മാനസികാവസ്ഥ പരിഗണിച്ചും കോടതിയലക്ഷ്യ നടപടികൾ വേണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് തീരുമാനിക്കുകയായിരുന്നു. എന്നാൽ, സുപ്രീംകോടതി സുരക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സുരക്ഷാ വിഭാഗത്തിന്റെ ഔദ്യോഗിക പരാതിയെ തുടർന്ന് തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും തുടർന്ന് ബുധനാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിന് പിന്നാലെ ഇരുവർക്കും മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. പ്രതികളുടെ പക്കൽ നിന്ന് ആക്ഷേപകരമായ ഭാഷയിലുള്ള നിരവധി ലഘുലേഖകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

Related Articles

Back to top button