ആനവണ്ടിയിലെ ആ വൻ ട്വിസ്റ്റിന് ഒരു മാസം….

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം തികയുന്നു. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വൻ വിജയമാണെന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി.പി. ജോണും വ്യക്തമാക്കി. പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയായി വർദ്ധിക്കുകയാണ് ഉണ്ടായത്.
ഓർഡിനറി ബസ്സുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ കെഎസ്ആർടിസിക്ക് 60 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു പദ്ധതി തുടങ്ങുന്നതിന് മുൻപുള്ള പ്രാഥമിക കണക്കുകൂട്ടൽ. എന്നാൽ, ആദ്യമാസത്തെ യാത്രക്കാരുടെ കുതിച്ചുകയറ്റം ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. പദ്ധതി പ്രഖ്യാപന സമയത്ത് പ്രതീക്ഷിച്ച തുകയേക്കാൾ 30 കോടി രൂപ പ്രതിമാസം അധികമായി നൽകേണ്ടി വരുമെന്നത് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ശമ്പളത്തിനും പെൻഷനുമായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന 125 കോടി രൂപയ്ക്ക് പുറമെയാണിത്. എങ്കിലും, ഈ അധിക തുക കോർപ്പറേഷന് ബാധ്യതയാകില്ലെന്നാണ് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 30 ദിവസങ്ങളിലെ ലഭനഷ്ട കണക്കും നിര്‍ണായകം ആണ്. പദ്ധതി ആരംഭിച്ചതിന്റെ പിറ്റേന്ന്, മെയ് 16-ന് യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം 11.80 ലക്ഷമായിരുന്നു. ടിക്കറ്റ് വരുമാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് നഷ്ടം 2.46 കോടി ആണ്. ഇനി കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 14.80 ലക്ഷം. ടിക്കറ്റ് മൂല്യം 3 കോടി രൂപ കടന്നു. പദ്ധതി വഴി മിനിമം ചാർജിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് പ്രതിമാസം ശരാശരി 600 രൂപ വരെ ലാഭിക്കാനാകുന്നു. സിറ്റി ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളിലേക്കും പദ്ധതി വ്യാപിച്ചാല്‍ കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം എത്തും. ഓര്‍ഡിനറി ബസ്സില്‍ മാത്രമെങ്കിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 3 മാസത്തിനുള്ളില്‍ 60 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകുമെന്നാണ് സൗജന്യ യാത്ര തുടങ്ങുന്നതിന് മുന്‍പുള്ള കണക്ക്.
പ്രിയദർശിനി പദ്ധതി വിജയകരമായതോടെ തങ്ങളുടെ ജീവിതം പൂർണ്ണമായും വഴിമുട്ടിയെന്നാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. ദിവസ ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഇപ്പോൾ യാത്രയ്ക്കായി പ്രിയദർശിനി ബസുകളെയാണ് ആശ്രയിക്കുന്നത്. കാലുകുത്താൻ ഇടമില്ലാത്ത രീതിയിലാണ് നിലവിൽ ഓരോ ഓർഡിനറി ബസുകളും സർവീസ് നടത്തുന്നത്. നഗരപരിധി കഴിഞ്ഞാൽ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിച്ചതോടെ ഇരിക്കാൻ സീറ്റില്ലെന്ന പരാതി ചില പുരുഷ യാത്രക്കാരും ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ 100 ദിവസങ്ങൾ സർക്കാരിനെ സംബന്ധിച്ച് പഠനത്തിനുള്ള സമയമാണ്. സിറ്റി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിച്ചാൽ കൂടുതൽ ആളുകളിലേക്ക് ഇതിന്റെ ആനുകൂല്യം എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും, സ്ത്രീകളുടെ ചരിത്രപരമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനാണ് കഴിഞ്ഞ 30 ദിവസത്തിനിടെ കേരളം സാക്ഷ്യം വഹിച്ചത്.



