തൊണ്ടയിൽ കടല കുടുങ്ങി മൂന്ന് വയസുകാരന്….

മലപ്പുറം: കൊണ്ടോട്ടിയിൽ ബേക്കറി പലഹാരമായ മിക്‌സ്ചറിലെ കടല അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി കുന്നുംപുറം സ്വദേശി മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലിരുന്ന് മിക്‌സ്ചർ കഴിക്കുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് മിക്‌സ്ചറിലുണ്ടായിരുന്ന കടല അബദ്ധത്തിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത്.
തുടർന്ന് കടുത്ത ശ്വാസതടസ്സം നേരിട്ട കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം കുന്നുംപുറം കാരാട്ടാലുങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.




