മുഖ്യമന്ത്രി എന്നെ കാണുന്നത് ഇനി ഫോട്ടോയിൽ മാത്രമായിരിക്കും….

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്താൻ തനിക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നുവെന്ന നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സുകുമാരൻ നായരുടെ ഈ പ്രതികരണം. മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയപ്പോൾ ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണമെങ്കിൽ, അത് അന്നുതന്നെ പറയാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇതിന് ന്യായീകരണം പറയുന്നതിൽ യാതൊരു കാര്യവുമില്ല. താൻ നേരിട്ട് കണ്ട് പറയാൻ ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ കഴിഞ്ഞുപോയെന്നും, ഇനി ആരെയും കാണേണ്ടതില്ലെന്നും അദ്ദേഹം തറപ്പിച്ചു വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം മുൻപ് ഔദ്യോഗികമായി അനുമതി തേടിയിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തിരിച്ചുവിളിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ, കാണാനുള്ള കൃത്യമായ തീയതിയോ സമയമോ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിരുന്നില്ലെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി.

Related Articles

Back to top button