ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആർഎൽ വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: വിവാദമായ സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. സിഎംആർഎൽ എം.ഡി എസ്.എൻ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുര്യൻ എന്നിവരാണ് സംയുക്തമായി അപ്പീൽ സമർപ്പിച്ചത്.

ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, എസ്.എഫ്.ഐ.ഒ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം നടത്താനാകില്ലെന്നും സിഎംആർഎൽ അപ്പീലിൽ വാദിക്കുന്നു. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നിലവിലെ ഇ.ഡി നടപടികൾ സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. അന്വേഷണവുമായി ഇ.ഡിക്ക് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും, ആലുവയിലെ സിഎംആർഎൽ ഓഫീസിലും, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസിലും ഇ.ഡി വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ മകൾ വീണ ടി.യിൽ നിന്നും ഇ.ഡി മൊഴി ശേഖരിക്കുകയും അവരുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ നിർണ്ണായക നീക്കങ്ങൾക്ക് പിന്നാലെയാണ് സിഎംആർഎൽ ഇപ്പോൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക്, സിഎംആർഎല്ലിൽ നിന്ന് യാതൊരു സേവനവും നൽകാതെ മാസപ്പടിയായി 1കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഈ സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ.ഡിയുടെ ശക്തമായ വാദം.

Related Articles

Back to top button