വടകരയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ പതിനേഴുകാരൻ…..

കോഴിക്കോട്: വടകരയിൽ പതിനേഴുകാരനായ അഭിജിത്ത് ജീവനൊടുക്കിയത് നാട്ടുകാരുടെ ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്താണെന്ന് പരാതി. നാട്ടുകാരായ ആറുപേരടങ്ങുന്ന സംഘം തങ്ങളെ അതിക്രൂരമായി മർദ്ദിച്ചുവെന്ന് അഭിജിത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ അഭിജിത്തിന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഴിയൂർ സ്വദേശിയായ അഭിജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിന് രണ്ട് ദിവസം മുൻപ് നാട്ടുകാരായ ഒരു സംഘം യുവാക്കൾ അഭിജിത്തിനെയും സുഹൃത്തുക്കളെയും തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് പരാതി. അഭിജിത്തിനെ ജോലി സ്ഥലത്ത് നിന്ന് നിർബന്ധപൂർവ്വം വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ആൾക്കൂട്ട വിചാരണ നടത്തിയത്. മർദ്ദനത്തിന് പുറമെ, ഈ വിവരം വീട്ടിൽ പറയുമെന്ന് കാണിച്ച് അഭിജിത്തിനെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോൾ അഭിജിത്തിനെ കാറിലേക്ക് ബലമായി വലിച്ചുകയറ്റി കൊണ്ടുപോയി മർദ്ദിക്കാൻ ശ്രമിച്ചതായും സുഹൃത്തുക്കൾ പറയുന്നു.
കൂടാതെ കുട്ടികളുടെ ഫോണുകളും സംഘം ബലമായി പിടിച്ചുവാങ്ങിയിരുന്നു. പരസ്യമായ മർദ്ദനത്തിലും ഭീഷണിയിലും കടുത്ത മാനസിക വിഷമത്തിലായ അഭിജിത്ത് ഇതേത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, മരണത്തിന് പിന്നിലെ ആൾക്കൂട്ട മർദ്ദനത്തെക്കുറിച്ച് കുടുംബം കൃത്യമായ പരാതി നൽകിയ സാഹചര്യത്തിൽ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.



