നിർമ്മാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിൽ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം… രക്ഷിക്കാൻ ഇറങ്ങിയ….

കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കക്കോടി സ്വദേശിയായ സിറാജ് ആണ് മരണപ്പെട്ടത്. സിറാജിനെ രക്ഷിക്കുന്നതിനായി ടാങ്കിലേക്ക് ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിനുള്ളിൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ടാങ്കിനുള്ളിലിറങ്ങിയ സിറാജിന് പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും കുടുങ്ങുകയുമായിരുന്നു.
ഇയാളെ രക്ഷിക്കാനായാണ് കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ടാങ്കിലേക്ക് ഇറങ്ങിയത്. എന്നാൽ ടാങ്കിനുള്ളിലെ ഓക്സിജന്റെ കുറവ് കാരണം ഇയാൾക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും പുറത്തിറങ്ങാൻ കഴിയാതെ വരികയുമായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് ടാങ്കിനുള്ളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കിടന്ന രണ്ടുപേരെയും അതീവ ഗുരുതരാവസ്ഥയിൽ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ ആൾ നിലവിൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും ശുചീകരണ തൊഴിലാളികളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



