യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു… സുഹൃത്തായ മറ്റൊരു യുവതി….

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ യുവതിയെ പിടികൂടിയതായി റിപ്പോർട്ട്. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മൂന്നു പേരുടെയും കുടുംബങ്ങൾ ഒരേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശിയായ വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. അദ്ദേഹം ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




