വോട്ടർ പട്ടിക പരിഷ്കരണത്തിൽ നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ… 17 സംസ്ഥാനങ്ങളിൽ എസ്എസ്ആർ….

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ നിലപാടുകളിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം (എസ്എസ്ആർ) നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർ പട്ടിക പരിശോധിക്കാൻ കഴിയുന്ന ഡിജിറ്റൽ കോപ്പികൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണിവ.

രാജ്യവ്യാപകമായി നടത്തിയ എസ്ഐആർ നടപടികളിൽ 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്ന വിമർശനം ശക്തമായിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. വോട്ടർ പട്ടികയുടെ മെഷീൻ റീഡബിൾ കോപ്പികൾ നൽകണമെന്ന ആവശ്യത്തോട് സ്വകാര്യത ചൂണ്ടിക്കാട്ടി നേരത്തെ കമ്മീഷൻ വിയോജിപ്പ് അറിയിച്ചിരുന്നു. എസ്ഐആർ നടപടികളുടെ ഭാഗമായി പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള എസ്എസ്ആർ താൽക്കാലികമായി നിർത്തിവച്ചത് 18 വയസ് തികഞ്ഞ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തടസ്സമായെന്ന വിമർശനവും ഉയർന്നിരുന്നു. പൗരത്വം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുകയും മുൻകാല വോട്ടർ പട്ടികകളുമായി വിവരങ്ങൾ ഒത്തുനോക്കുകയും ചെയ്യുന്ന സങ്കീർണമായ നടപടിയാണ് എസ്ഐആർ. അതേസമയം, പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നിലവിലുള്ള പട്ടിക പുതുക്കുന്നതിനുമുള്ള വാർഷിക നടപടിക്രമമാണ് എസ്എസ്ആർ.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയുൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ എസ്എസ്ആർ നടത്തുക. എന്നാൽ ഈ നടപടിയിലൂടെ എസ്ഐആറിനിടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ സ്വമേധയാ തിരിച്ചെത്തില്ല. അതിനായി നിശ്ചിത നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും. കമ്മീഷന്റെ പുതിയ തീരുമാനത്തിനെതിരെ കോൺഗ്രസ് എംപി പി. ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. കോടിക്കണക്കിന് പേരുകൾ ഒഴിവാക്കിയശേഷം അവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുന്നത് ഇരട്ടച്ചെലവിന് ഇടയാക്കുമെന്നാണ് വിമർശനം. രാഷ്ട്രീയ പാർട്ടികൾക്ക് കരട്, അന്തിമ വോട്ടർ പട്ടികകളുടെ തിരയാനും വിവരങ്ങൾ പകർത്താനും കഴിയുന്ന ഡിജിറ്റൽ കോപ്പികൾ നൽകാനാണ് കമ്മീഷന്റെ തീരുമാനം. പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കൈമാറും.

ഇതുവരെ സ്കാൻ ചെയ്ത ചിത്രങ്ങളുടെ രൂപത്തിലുള്ള പട്ടികകളാണ് നൽകിയിരുന്നത്. ഇതിൽ വിവരങ്ങൾ തിരയുന്നതിനും പകർത്തുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. 2018ൽ മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് കമൽനാഥ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യതയെ ബാധിക്കുമെന്ന കമ്മീഷന്റെ വാദം പരിഗണിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് വ്യക്തമാക്കിയിരുന്നു. 2025ൽ രാഹുൽ ഗാന്ധിയും ഡിജിറ്റൽ വോട്ടർ പട്ടികയ്ക്കായുള്ള ആവശ്യം ശക്തമായി ഉന്നയിച്ചു. കമ്മീഷന്റെ പുതിയ തീരുമാനത്തെ എൻസിപി നേതാവ് ജിതേന്ദ്ര ആവ്ഹാദ് ഉൾപ്പെടെയുള്ളവർ സ്വാഗതം ചെയ്തു. വോട്ടർ പട്ടികയിലെ സുതാര്യത സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കിടെയാണ് നിലപാട് മാറ്റം.

Related Articles

Back to top button