ഇന്ത്യ–ഉസ്‌ബെക്കിസ്ഥാൻ ബന്ധത്തിന് ‘3P’ ഫോർമുല…

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാന ശിലകൾ ‘സമാധാനം, പുരോഗതി, സമൃദ്ധി’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന ഈ മൂന്ന് ആശയങ്ങളെ ‘3P’ എന്ന ഫോർമുലയായി വിശേഷിപ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഇരു രാജ്യങ്ങളും നൽകുന്ന പ്രാധാന്യമാണ് ആദ്യത്തെ ‘P’ ആയ Peace. ഭീകരവാദം ഉൾപ്പെടെയുള്ള പൊതുവായ ഭീഷണികളെ നേരിടുന്നതിലും സമാധാനപരമായ സഹവർത്തിത്വത്തിലും ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

സാമൂഹികവും സാങ്കേതികവുമായ വളർച്ചയിൽ ഒരുമിച്ച് മുന്നേറുക എന്നതാണ് രണ്ടാമത്തെ ഘടകമായ Progress. വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മൂന്നാമത്തെ ഘടകമായ Prosperity സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള സംയുക്ത ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ–ഉസ്‌ബെക്കിസ്ഥാൻ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ബന്ധം കമ്പ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് എന്ന തലത്തിലേക്ക് ഉയർത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. 2030ഓടെ ഉഭയകക്ഷി വ്യാപാരം അഞ്ച് ബില്യൺ ഡോളറിലെത്തിക്കുകയാണ് പുതിയ ലക്ഷ്യം.

Related Articles

Back to top button