വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം….

കോഴിക്കോട്: കാപ്പാട്ട് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ (2) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം. കനത്ത മഴയെ തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ചെറിയ കുഴിയിലെ വെള്ളക്കെട്ടിലേക്കാണ് കുട്ടി അബദ്ധത്തിൽ വീണത്.

അപകടസമയത്ത് രക്ഷിതാക്കളും മറ്റ് കുടുംബാംഗങ്ങളും വീടിനുള്ളിലായിരുന്നതിനാൽ കുട്ടി വെള്ളത്തിൽ വീണത് ഉടൻ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെ കുട്ടി മരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button