പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം… രണ്ട് പേർ കുറ്റക്കാർ… കൊല്ലം സ്വദേശിനിക്ക്…

കൊല്ലം: കോട്ടയത്ത് നടന്ന പി.എസ്.സി യു.പി. സ്കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊല്ലം മയ്യനാട് സ്വദേശികളായ സുനിൽ ദാസ്, ഷമീമ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
രണ്ടാം പ്രതിയായ സുനിൽ ദാസ് കോടതിയിൽ ഹാജരാകാത്തതിനാൽ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രതി കോടതിയിൽ നേരിട്ട് ഹാജരായ ശേഷമാകും ശിക്ഷ വിധിക്കുക. 2010 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്വേഷണത്തിൽ, വ്യാജ മേൽവിലാസം ഉപയോഗിച്ച് ഹാൾടിക്കറ്റ് സംഘടിപ്പിച്ച പ്രതി ആൾമാറാട്ടത്തിലൂടെ പരീക്ഷാഹാളിൽ പ്രവേശിച്ചതായും ചോദ്യപേപ്പർ ജനൽവഴി പുറത്തേക്ക് കൈമാറിയതായും കണ്ടെത്തി. തുടർന്ന് ചോദ്യപേപ്പർ മറ്റ് പ്രതികളുടെ കൈവശമെത്തുകയും ഉത്തരങ്ങൾ കണ്ടെത്തി കോട്ടയത്ത് പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഷമീമയ്ക്ക് മൊബൈൽ ഫോണിലൂടെ പറഞ്ഞുനൽകുകയും ചെയ്തുവെന്നാണ് കേസ്. ഇയർഫോൺ ധരിച്ച് വസ്ത്രംകൊണ്ട് മറച്ച നിലയിലാണ് ഷമീമ പരീക്ഷ എഴുതിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ ഒന്നാം പ്രതി പ്രകാശ് ലാലും മൂന്നാം പ്രതി രജീഷും വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.



