മഴക്കെടുതി രൂക്ഷം… സംസ്ഥാനത്ത് 8 മരണം, 8 പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളുടെ പുതിയ കണക്കുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ 8 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതിയിൽ 13 പേർക്ക് പരിക്കേറ്റതായും അവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയും കാറ്റും മൂലം 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 209 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 5,792 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങളുടെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.



