കനത്തമഴ: പി.എസ്.സി പരീക്ഷ വീണ്ടും എഴുതാൻ അവസരം.. ഓഗസ്റ്റ്…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് നിരവധി ഉദ്യോഗാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനാകാതെ വന്ന സാഹചര്യത്തിൽ, പി.എസ്.സി പത്താംതല പൊതുപ്രാഥമിക പരീക്ഷ വീണ്ടും എഴുതാൻ അവസരം നൽകി. ശനിയാഴ്ച നടന്ന പരീക്ഷയിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ ഉദ്യോഗാർഥികൾക്ക് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം പരീക്ഷ എഴുതാനായിരുന്നില്ല. ഇതിനെ തുടർന്ന് ഉയർന്ന വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലാണ് പി.എസ്.സി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. പരീക്ഷ നഷ്ടമായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 22-ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്കൊപ്പം വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും. എന്നാൽ, ഈ സൗകര്യം ലഭിക്കണമെങ്കിൽ പരീക്ഷ എഴുതാനാകാത്തതിനുള്ള രേഖകൾ സഹിതം പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.



