കനത്ത മഴയിൽ മരംവീണ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ മരിച്ചു

ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിലും കാറ്റിലും മരംവീണ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ മരിച്ചു. മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരണപ്പെട്ടത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഇവർക്കുമേലേക്ക് ശക്തമായ കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ ഉൾപ്പെടെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



