വീട്ടുകാർ മൂന്നാം നിലയിൽ, ആരും കാണാതെ… ചേരാനല്ലൂർ അപകടത്തിൽ 17കാരന്റെ മൊഴി പുറത്ത്

കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വാഹനം ഓടിക്കാനുള്ള കൊതികൊണ്ടാണ് അച്ഛന്റെ ആഡംബര കാർ എടുത്തതെന്നാണ് പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി. തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിന്റെ പിന്നിൽ ഇയാൾ ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
ആലുവയിലെ ഫ്ലാറ്റിൽ നിന്നുമാണ് താൻ വാഹനം എടുത്തതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. കാറുമായി പുറത്തേക്ക് പോകുമ്പോൾ വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുക്കുന്നത് ആരും കണ്ടിരുന്നില്ല. വെറുതേ കറങ്ങാൻ ഇറങ്ങിയതായിരുന്നുവെന്നും, ചേരാനല്ലൂരിൽ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. കൂടാതെ, ശക്തമായ മഴ കാരണം ജയബാലകൃഷ്ണന്റെ സ്കൂട്ടർ താൻ കണ്ടിരുന്നില്ലെന്നും മൊഴിയിലുണ്ട്. സംഭവത്തിൽ പ്രതിയായ പതിനേഴുകാരൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതുമായി ബന്ധപ്പെട്ട് അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.



