മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം… എ.എം.വി.ഐ.മാരുടെ….

കൊച്ചി: മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി അട്ടിമറിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് പുതിയ സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയെന്നാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. വകുപ്പിന്റെ നടപടിക്കെതിരെ ഉദ്യോഗസ്ഥർ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. 2019-ലെ സർക്കാർ ഉത്തരവ് പ്രകാരം എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 3 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ മാത്രമേ ഓഫീസുകളിലേക്ക് മാറ്റാവൂ എന്നും, സീനിയോറിറ്റി മാത്രമാണ് മാനദണ്ഡമാക്കേണ്ടത് എന്നുമാണ് ചട്ടം.

എന്നാൽ 2018 നവംബറിൽ സർവീസിൽ പ്രവേശിച്ച എഴുപത്തഞ്ചോളം മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോഴും എൻഫോഴ്സ്മെന്റിൽ തുടരുമ്പോൾ, 2025 ജനുവരിയിൽ സർവീസിൽ കയറിയ 23 ജൂനിയർ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ഈ പരാതികൾ നിലനിൽക്കെയാണ് സീനിയോറിറ്റി മറികടന്ന് വീണ്ടും 62 ഉദ്യോഗസ്ഥരെക്കൂടി എൻഫോഴ്സ്മെന്റിൽ നിന്നും ഓഫീസുകളിലേക്ക് മാറ്റിക്കൊണ്ട് പുതിയ ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. മിനിസ്റ്റീരിയൽ സർവീസിൽ നിന്ന് കാറ്റഗറി ചേഞ്ച് വഴി എ.എം.വി.ഐ.മാരായ ചില ഉദ്യോഗസ്ഥരെ വഴിവിട്ട് സഹായിക്കാനും രാഷ്ട്രീയ സ്വാധീനങ്ങൾക്കുമായാണ് ഈ ക്രമക്കേടുകൾ നടത്തിയിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. നടപടിക്കെതിരെ ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമ്മീഷണർക്കും വകുപ്പ് സെക്രട്ടറിക്കും നേരത്തെ പരാതിയും അപ്പീലും നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഉദ്യോഗസ്ഥർ ട്രൈബ്യൂണലിനെ സമീപിച്ചത്.

Related Articles

Back to top button