രണ്ട് മണിക്കൂർ ഭീതി, തകർന്നത് മതിലുകളും വാഹനങ്ങളും…. തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

തൃശൂർ: സാംസ്കാരിക നഗരത്തെ രണ്ട് മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തി ജനവാസ മേഖലയിൽ ഇടഞ്ഞ ആനയെ ഒടുവിൽ തളച്ചു. വർക്കലയിൽ നിന്ന് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ തൊഴീക്കാൻ എത്തിച്ച ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് നഗര മധ്യത്തിൽ പരിഭ്രാന്തി പരത്തിയത്. നിലവിൽ ചെമ്പുക്കാവിനടുത്ത് ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിൽ വെച്ചാണ് എലിഫന്റ് സ്ക്വാഡ് ആനയെ വിജയകരമായി തളച്ചത്.

ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങവെ ഇടഞ്ഞ ആന രണ്ടര കിലോമീറ്ററോളം ദൂരമാണ് ജനവാസ മേഖലയിലൂടെ ഓടിയത്. ഓട്ടത്തിനിടയിൽ കണ്ണിൽക്കണ്ടതെല്ലാം തകർത്തെറിഞ്ഞ ആന നിരവധി വീടുകളുടെ മതിലുകളും വാഹനങ്ങളും തകർത്തു. ഒടുവിൽ ഗാന്ധിനഗറിലെ ഒരു വീടിന് സമീപം നിലയുറപ്പിച്ച ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടയിലും ഒരു വീടിന്റെ മതിൽ തകർന്നു വീണു. കാലിലെ ചങ്ങലകൾ പരസ്പരം ഉടക്കിയതിനാലാണ് ആനയ്ക്ക് കൂടുതൽ ദൂരം മുന്നോട്ട് പോകാനാകാതെ ഒരിടത്ത് നിലയുറപ്പിക്കേണ്ടി വന്നത്.

ഇടഞ്ഞ ആനയുടെ മസ്തകത്തിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ടെന്നാണ് വിവരം. ആനയിടഞ്ഞ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡ് ഏറെ പ്രയത്നിച്ചാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, സംഭവസ്ഥലത്ത് വെച്ച് ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വലിയ ജനക്കൂട്ടവും ഉദ്യോഗസ്ഥരും തടിച്ചുകൂടിയതോടെ പ്രദേശത്ത് ഏറെ നേരം കടുത്ത സംഘർഷാവസ്ഥയാണ് നിലനിന്നത്. ആനയെ പൂർണ്ണമായും തളച്ചതോടെയാണ് നാട്ടുകാരും അധികൃതരും ആശ്വാസ ശ്വാസം വിട്ടത്.

Related Articles

Back to top button