ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്….

മലപ്പുറം: ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. കാണാതായ മമ്പാട് സ്വദേശിയായ യാഷിക്കിനായി തിരുവാലി, നിലമ്പൂർ ഫയർഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക്കൽ പാലത്തിന് താഴെ വെച്ചാണ് യാഷിക് അപകടത്തിൽപ്പെടുന്നത്. ചാലിയാറിലൂടെ ഒഴുകിവന്ന വലിയ മരത്തടികൾ പിടിക്കാനായി യാഷിക് സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടുകയായിരുന്നു. മരത്തടികൾ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ നീരൊഴുക്കിൽപ്പെട്ട് യാഷിക് ഒഴുക്കിൽപെടുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് വരെ പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഓടായിക്കൽ മുതൽ അരീക്കോട് വരെയുള്ള ചാലിയാർ പുഴയുടെ പ്രധാന ഭാഗങ്ങളിലെല്ലാം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് പുഴയുടെ തീരത്തോട് ചേർന്ന ഭാഗങ്ങളിലാണ് പ്രധാനമായും തെരച്ചിൽ പുരോഗമിക്കുന്നത്. യാഷിക്കിനെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് അധികൃതരുടെ തീരുമാനം. ഫയർഫോഴ്സിന് പുറമെ ഇആർഎഫ് പ്രവർത്തകരും തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്.




