മൂവാറ്റുപുഴയിൽ മരിച്ചവരുടെ പേരിൽ വ്യാജ സമ്മതപത്രം ഉണ്ടാക്കി കള്ള് ഷാപ്പ് ലൈസൻസ്…

സംസ്ഥാനത്തെ കള്ള് ഷാപ്പുകൾക്ക് ലൈസൻസ് നൽകുന്നതിൽ വൻ ക്രമക്കേടും നിയമലംഘനവും നടക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. മരിച്ചവരുടെ പേരിൽ വ്യാജ സമ്മതപത്രങ്ങൾ ചമച്ചാണ് ലൈസൻസുകൾ നേടിയെടുക്കുന്നത്. മൂവാറ്റുപുഴ റേഞ്ചിൽ ഒരേ കൈയക്ഷരത്തിൽ 14 സമ്മതപത്രങ്ങൾ നൽകിയതായും, ഒരു പന പോലും ഇല്ലാത്ത തോട്ടങ്ങളുടെ പേരിൽ വ്യാജമായി കള്ള് ചെത്തുന്നതായും രേഖകൾ വ്യക്തമാക്കുന്നു.

എക്സൈസ് വകുപ്പിനെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ടാണ് മരിച്ചവരുടെ പേരിൽ വ്യാജ ഒപ്പിട്ട് സമ്മതപത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. പുറത്തുവന്ന രേഖകളിലെ പ്രധാന വിവരങ്ങൾ 2017-ൽ മരണപ്പെട്ടയാൾ ഇക്കഴിഞ്ഞ മാർച്ച് 20-ന് സമ്മതപത്രത്തിൽ ഒപ്പിട്ടതായാണ് രേഖ ചമച്ചിരിക്കുന്നത്. 2020-ലും 2025-ലും മരിച്ചവരും ഇക്കഴിഞ്ഞ മൂന്നുമാസം മുൻപ് സ്വന്തം തോട്ടങ്ങളിൽ നിന്ന് കള്ള് ചെത്താൻ സമ്മതം നൽകിയതായി രേഖകളിലുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 10-ന് മരിച്ചയാൾ, കൃത്യം പത്തു ദിവസത്തിന് ശേഷം (മാർച്ച് 20-ന്) സമ്മതപത്രത്തിൽ ഒപ്പിട്ടു എന്നാണ് മറ്റൊരു രേഖ. ഇത്തരത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരിൽ വ്യാജരേഖ ചമച്ച വിവരം മരിച്ചവരുടെ കുടുംബങ്ങൾ പോലും അറിഞ്ഞിട്ടില്ല. മൂവാറ്റുപുഴ റേഞ്ചിലെ ഒൻപതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസൻസിനായി സമർപ്പിച്ച 14 സമ്മതപത്രങ്ങളും എഴുതിയിരിക്കുന്നത് ഒരേ കൈയക്ഷരത്തിലാണ്.

രേഖകളിൽ പത്തു പനകളുണ്ടെന്ന് അവകാശപ്പെടുന്ന തോട്ടങ്ങളിൽ നേരിട്ട് ചെന്നാൽ ഒരു പന പോലുമില്ലെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. കള്ള് ചെത്തുന്ന തെങ്ങുകൾക്കും പനകൾക്കും എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി നമ്പർ ഇട്ടു നൽകണം എന്നാണ് നിയമം. എന്നാൽ ഈ നിയമങ്ങളെല്ലാം ഇവിടെ പൂർണ്ണമായി അട്ടിമറിക്കപ്പെടുകയാണ്. രേഖകളിൽ പറയുന്ന തോട്ടങ്ങളിൽ കള്ള് ചെത്തൽ നടക്കുന്നില്ല എന്ന് പകൽ പോലെ വ്യക്തമാണ്. അങ്ങനെയെങ്കിൽ നിലവിൽ ഷാപ്പുകളിൽ വിൽക്കാനായി എത്തിക്കുന്ന കള്ള് എവിടെ നിന്നാണ് വരുന്നത് എന്ന ഗുരുതരമായ ചോദ്യമാണ് ഉയരുന്നത്.

Related Articles

Back to top button