തിയേറ്ററുകൾ ഇളക്കിമറിക്കാൻ ദളപതി… പ്രതിസന്ധികൾക്കൊടുവിൽ ‘ജനനായകന്’ അനുമതി… റിലീസ് ജൂലൈ….

ഏഴ് മാസം നീണ്ടുനിന്ന കടുത്ത നിയമ പോരാട്ടത്തിനൊടുവിൽ ദളപതി വിജയ് ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. മൂന്ന് മണിക്കൂർ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ (A) സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. റിലീസിനായി ആരാധകർ കാത്തിരിക്കുന്നതിനിടെ, ചിത്രത്തിൽ സെൻസർ ബോർഡ് നിർദേശിച്ച 12 കട്ടുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

ഓഡിയോയിലും വീഡിയോയിലുമായി ചിത്രത്തിലുണ്ടായിരുന്ന നിരവധി വിവാദ പരാമർശങ്ങൾക്കും ദൃശ്യങ്ങൾക്കുമാണ് സെൻസർ ബോർഡ് കത്രിക വെച്ചത്. പ്രധാന മാറ്റങ്ങൾ ഡോ. ബി.ആർ അംബേദ്കർ ഒരു പുസ്തകത്തിന്റെ കവർചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സീനിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ ഓർമ്മിപ്പിക്കുന്ന ‘ടി.വി.കെ’ പരാമർശങ്ങളും മറ്റ് വിവാദ ഡയലോഗുകളും ഓഡിയോയിൽ നിന്നും വീഡിയോയിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്തു. ഇന്ത്യൻ ദേശീയപതാക വരുന്ന ദൃശ്യവും, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗവും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കുട്ടിയെ ദ്രോഹിക്കുന്ന ദൃശ്യം ഒഴിവാക്കിയതിനൊപ്പം, ചിത്രത്തിൽ എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും ബോർഡ് നിർദേശിച്ചു. ആകെ 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാനും 10 സെക്കൻഡിന്റെ ദൃശ്യങ്ങൾ മാറ്റിസ്ഥാപിക്കാനുമാണ് നിർദേശമുള്ളത്. എന്നാൽ ഈ മാറ്റങ്ങൾക്ക് ശേഷവും ചിത്രത്തിന്റെ ആകെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് തന്നെയായിരിക്കും.

ആരാധകർ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘ജനനായകൻ’. എന്നാൽ ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദാണ്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2025 ഡിസംബറിൽ സെൻസർ ചെയ്യുന്നതിന് സമർപ്പിച്ച ചിത്രം ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. ഈ വർഷം ജനുവരി 9-ന് പൊങ്കലിനോട് അനുബന്ധിച്ച് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. വലിയ പ്രതിസന്ധികൾ ഒഴിഞ്ഞ സാഹചര്യത്തിൽ ചിത്രം ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button