പാച്ചല്ലൂർ വാഹനാപകടത്തിൽ നിർണായക വഴിത്തിരിവ്… ബൈക്ക് നിയന്ത്രണം വിട്ടതല്ല, കാറിന്റെ…..

തിരുവനന്തപുരം: പാച്ചല്ലൂർ ദേശീയപാതയിലുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിന് കാരണക്കാരനായ മാറനല്ലൂർ സ്വദേശി വിഷ്ണുവിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ, ആദ്യം പുറത്തുവന്ന വിവരങ്ങൾ തിരുത്തിക്കുറിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യ ഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസിന് യഥാർത്ഥ വിവരങ്ങൾ ലഭിച്ചത്.

കസ്റ്റഡിയിലായ വിഷ്ണുവിന്റെ കാറിന്റെ പിൻഭാഗത്ത് ബൈക്കിന്റെ ഹാൻഡിൽ തട്ടുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ഈ ദാരുണ അപകടത്തിൽ രണ്ട് പേരാണ് മരണപ്പെട്ടത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ജീവൻ നഷ്ടമായത് രണ്ട് യുവ ഐടി പ്രൊഫഷണലുകൾക്കാണ്. കഴക്കൂട്ടം യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരൻ നവീൻ (25), കഴക്കൂട്ടം കിൻഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്യുന്ന ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25). അപകടം നടന്ന ഉടൻ തന്നെ മൃദുല സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു. കടുത്ത പരിക്കുകളോടെ നവീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ തിരുവല്ലം പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button