പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം… മലയാളി വിദ്യാർഥിനിക്ക്…

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജാണ് മരിച്ചത്. പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയായിരുന്നു ജോസ്ന. ലുധിയാനയ്ക്ക് സമീപം വിനോദയാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിലിരുന്ന ജോസ്ന അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ ബസ് വിദ്യാർഥിനിയുടെ ശരീരത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ജോസ്നയുടെ മൃതദേഹം ബസിനടിയിൽ കുടുങ്ങി. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽ മറ്റ് ചില മലയാളി വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്കിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.



