‘സുഗതൻ പങ്കെടുത്ത യോഗത്തിൽ ഒപ്പിട്ടിട്ടുണ്ട്’… വ്യാജ ഒപ്പ് ആരോപണം തള്ളി….

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പ്രതികരണവുമായി ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്. ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആശാനാഥ് വ്യക്തമാക്കി. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിൽ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് അറ്റൻഡൻസ് രജിസ്റ്റർ എത്തിക്കുന്നതെന്നും യോഗം കഴിയുന്നതിന് മുൻപ് തന്നെ രജിസ്റ്റർ തിരികെ കൊണ്ടുപോകുമെന്നും ആശാനാഥ് പറഞ്ഞു. കൗൺസിലർമാർ ഒപ്പിട്ടതിന് പിന്നാലെ ഹാജർ രജിസ്റ്റർ ക്ലോസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഗതൻ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ അദ്ദേഹം ഒപ്പിട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കൗൺസിൽ ഹാളിലെ സിസിടിവി ക്യാമറകൾ നിലവിൽ പ്രവർത്തനക്ഷമമാണോ എന്ന കാര്യം അറിയില്ലെന്നും ആശാനാഥ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ കസ്റ്റോഡിയൻ മേയറും സെക്രട്ടറിയുമാണ്. പൊലീസ് ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും നൽകുന്നതിൽ കോർപ്പറേഷൻ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതന്റെ പേരിൽ വ്യാജ ഒപ്പിട്ട് ഹാജർ രേഖപ്പെടുത്തിയെന്നാണ് പരാതി. ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും, തുടർച്ചയായി ആറുമാസം യോഗങ്ങളിൽ പങ്കെടുക്കാത്തതിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കുന്നതിനാണ് വ്യാജ ഒപ്പ് രേഖപ്പെടുത്തിയതെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാജർ രജിസ്റ്ററും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൃത്രിമത്വം കണ്ടെത്തിയാൽ കേസെടുത്ത് തുടർനടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.



