ശബരിമല തീർഥാടനം: നിലയ്ക്കലിൽ തിരക്കുനിയന്ത്രണത്തിന് രണ്ട് പുതിയ റോഡുകൾ

ശബരിമല: തീർഥാടനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ രണ്ട് പുതിയ റോഡുകൾ നിർമിക്കുന്നു. പാർക്കിങ് ഗ്രൗണ്ടുകളെ പരസ്പരം ബന്ധിപ്പിച്ചാണ് പുതിയ റോഡുകൾ ഒരുക്കുന്നത്. ദേവസ്വം ഗെസ്റ്റ്ഹൗസിന് പിന്നിലൂടെയും ഗോശാലയ്ക്ക് സമീപത്തുകൂടിയുമാണ് റോഡുകൾ നിർമിക്കുന്നത്. പാർക്കിങ് ഗ്രൗണ്ടിൽനിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകുന്ന റോഡുമായി ബന്ധിപ്പിച്ചാണ് ദേവസ്വം ഗെസ്റ്റ്ഹൗസിന് പിന്നിലൂടെയുള്ള പാത നിർമിക്കുന്നത്.

പാർക്കിങ് സൗകര്യം വർധിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ഗോശാലയ്ക്ക് സമീപത്തെ രണ്ടാമത്തെ റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. തീർഥാടന ഒരുക്കങ്ങളുടെ ഭാഗമായി പൊലീസും ദേവസ്വം അധികൃതരും നടത്തിയ ചർച്ചയിലാണ് പുതിയ റോഡുകൾ നിർമിക്കണമെന്ന നിർദേശം പൊലീസ് മുന്നോട്ടുവച്ചത്. തീർഥാടനം ആരംഭിക്കാൻ 42 ദിവസം മാത്രം ശേഷിക്കെയാണ് നിർമാണം ആരംഭിക്കുന്നത്. അതേസമയം, പുതിയതായി വെട്ടുന്ന റോഡ് ഉറപ്പാകാതെ വാഹനങ്ങൾ കടത്തിവിടാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പ്രദേശത്ത് മിക്ക ദിവസങ്ങളിലും മഴ തുടരുന്നതിനാൽ തീർഥാടനത്തിനായി നട തുറക്കുന്നതിന് മുമ്പ് റോഡ് നിർമാണം പൂർത്തിയാക്കാനും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി.

മണ്ഡലപൂജയുടെ അവസാനഘട്ടത്തിലും മകരവിളക്ക് സമയത്തും മാത്രമേ റോഡ് പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയൂവെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ കയറ്റിയിടുന്നതിന് തടസ്സമായി കിടക്കുന്ന മണ്ണ്, കല്ല്, മാലിന്യം എന്നിവ നീക്കം ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സന്നിധാനത്തെ പൊലീസ് സ്പെഷൽ ഓഫീസറുടെ കോട്ടേജ്, പൊലീസ് ബാരക്കിലെ ഇരുമ്പ് കട്ടിലുകൾ, പമ്പയിലെയും നിലയ്ക്കലിലെയും പൊലീസ് മെസ് കെട്ടിടങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും നടത്തണമെന്നാണ് ആവശ്യം. പണികൾക്കായി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും തീർഥാടനത്തിനായി നട തുറക്കുന്നതിന് മുമ്പ് നിർമാണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Related Articles

Back to top button