വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ ഇനി എല്ലാ വെള്ളിയാഴ്ചയും…

വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ വെള്ളിയാഴ്ചയും ജപമാല പ്രാർഥന നടത്തുമെന്ന് തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി അധികൃതർ. ഇതിന് തുടക്കമായി ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ ജപമാല റാലിയുമായി സ്ഥലത്തെത്തി. വികാരി ഫാ. ജെയിംസ് ഐക്കരമറ്റത്തിലിന്റെ നേതൃത്വത്തിലായിരുന്നു പ്രാർഥന.
വനംഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2025 ഏപ്രിൽ 12ന് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയത്. എന്നാൽ, ആറ് പതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വച്ചിരുന്ന ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് പള്ളി അധികൃതരുടെ നിലപാട്. ഭൂമി തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിക്ക് രേഖാമൂലം കൈമാറിയതിനെ തുടർന്നാണ് ഇവിടെ കുരിശ് സ്ഥാപിച്ചതെന്നും പള്ളി അധികൃതർ പറയുന്നു. കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ പ്രദേശത്തെ കർഷകരുടെ ഭൂമി പട്ടയ നടപടികൾക്കായി റവന്യൂ വകുപ്പ് അളന്നിരുന്നു. എന്നാൽ പള്ളിക്ക് വിശ്വാസി കൈമാറിയതായി പറയുന്ന ഭൂമി അളന്നില്ലെന്നും പള്ളി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് കുരിശ് നീക്കം ചെയ്ത സ്ഥലത്ത് എല്ലാ വെള്ളിയാഴ്ചയും ജപമാല പ്രാർഥന നടത്താൻ പള്ളി തീരുമാനിച്ചത്. ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച നടന്ന ജപമാല റാലിയോടെയാണ് പ്രാർഥനകൾക്ക് തുടക്കമായത്.



