പിഞ്ചുകുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു…. ആറ്റിങ്ങലിൽ ഭാര്യയ്ക്കും കുഞ്ഞിനും നേരെ ക്രൂരമായ മർദ്ദനം…. പ്രതി സജി ഒളിവിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് ഭാര്യയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും യുവാവ് അതിക്രൂരമായി ഉപദ്രവിച്ചു. അയിലം നെല്ലിമൂട് സ്വദേശി സജിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ബുധനാഴ്ച രാത്രി വീട്ടിലെത്തിയ സജി അക്രമാസക്തനാവുകയും വീട്ടിലുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കും മുതുകിനും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടര വയസ്സുള്ള കുഞ്ഞിനെ ഇയാൾ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹം കഴിഞ്ഞ നാല് വർഷമായി ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നും ഭാര്യയ്ക്ക് സൗന്ദര്യം പോരെന്നും ആരോപിച്ചായിരുന്നു നിരന്തരമായ പീഡനം. പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് കേസെടുത്തെങ്കിലും പ്രതിയായ സജി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.



