KCയെ വേദിയിലിരുത്തി KSRTCക്കെതിരെ G സുധാകരന്റെ വിമർശനം

ആലപ്പുഴ: കെഎസ്ആർടിസിക്കെതിരെ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. കെഎസ്ആർടിസി സമ്പൂർണ്ണ നവീകരണത്തിന് വിധേയമാകേണ്ട സ്ഥാപനമാണെന്ന് ജി സുധാകരൻ പറഞ്ഞു. നിലവിൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നുകേൾക്കുന്നില്ലെന്നും എന്നാൽ പരിഹാരം കാണേണ്ട പ്രശ്‌നങ്ങളുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന ആലപ്പുഴ-ബെംഗളൂരു ബിസിനസ് ക്ലാസ് ബസ്സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ജി സുധാകരൻ വിമർശനവുമായി രംഗത്തെത്തിയത്.
കെഎസ്ആർടിസിയിൽ ആവശ്യത്തിന് ബസ്സുകളില്ലെന്ന് ജി സുധാകൻ പറഞ്ഞു. ആധുനികവൽക്കരണം വേണ്ട രീതിയിൽ നടക്കുന്നില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. യാത്രക്കാർക്കും ദുരിതങ്ങൾ ഉണ്ട്. കെഎസ്ആർടിസിയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കേണ്ടതുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയെ വേദിയിലിരുത്തിയായിരുന്നു ജി സുധാകരന്റെ വിമർശനം.



