റണ്ണൊഴുകുന്ന പോരാട്ടങ്ങൾക്ക് ഗ്രീൻഫീൽഡ് ഒരുങ്ങി; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇനി ദിവസങ്ങൾ മാത്രം

ബാറ്റർമാരുടെ വെടിക്കെട്ടിനും അതിവേഗ റൺവേട്ടയ്ക്കും വേദിയാകാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി പിച്ചുകളുടെയും ഔട്ട്ഫീൽഡിന്റെയും ജോലികൾ അവസാന ഘട്ടത്തിലെത്തി. മുൻ സീസണുകളിലേതുപോലെ റണ്ണൊഴുകുന്ന പിച്ചുകളായിരിക്കും ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ എ. എം. ബിജു പറഞ്ഞു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
കെ.സി.എല്ലിന് പിന്നാലെ ഏതാനും അന്താരാഷ്ട്ര മത്സരങ്ങൾക്കും ഗ്രീൻഫീൽഡ് വേദിയാകുന്നുണ്ട്. ഇത് മുന്നിൽക്കണ്ട് രണ്ടര മാസം മുൻപേ ആരംഭിച്ച പിച്ച്, ഔട്ട്ഫീൽഡ് നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയാകുന്നത്. അവസാനഘട്ട റോളിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്.
കഴിഞ്ഞ സീസണിൽ കെ.സി.എല്ലിനായി അഞ്ച് പിച്ചുകളാണ് ഒരുക്കിയിരുന്നതെങ്കിൽ ഇത്തവണ ആറ് പിച്ചുകളുണ്ട്. രണ്ടാഴ്ച നീളുന്ന ടൂർണമെന്റിൽ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കുന്നതിനാൽ പിച്ചുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനായാണ് കൂടുതൽ പിച്ചുകൾ സജ്ജമാക്കിയത്. പിച്ചുകൾ മാറിമാറി ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ നടത്തുക. ഇതിന് പുറമെ പരിശീലനത്തിനായി മൂന്ന് പിച്ചുകളും രണ്ട് ആസ്ട്രോ ടർഫ് വിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.
കർണാടകയിലെ മാണ്ഡ്യയിൽനിന്ന് പ്രത്യേകമായി എത്തിച്ച ഗുണനിലവാരമുള്ള മണ്ണുപയോഗിച്ചാണ് പ്രധാന പിച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. ഈർപ്പം നിലനിർത്താൻ ശേഷിയുള്ള മണ്ണ് മികച്ച ബൗൺസ് ഉറപ്പാക്കുന്നതിനൊപ്പം പിച്ച് സ്ലോ ആകാതിരിക്കാനും സഹായിക്കുമെന്ന് ക്യൂറേറ്റർ വ്യക്തമാക്കി.
കഴിഞ്ഞ സീസണുകളിലെ കണക്കുകളും ഇത്തവണത്തെ റൺവേട്ടയുടെ സൂചന നൽകുന്നതാണ്. ആദ്യ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് സ്കോർ 200 കടന്നതെങ്കിൽ കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ 200ന് മുകളിൽ സ്കോർ പിറന്നു. 200ന് മുകളിലുള്ള കൂറ്റൻ വിജയലക്ഷ്യങ്ങൾ വിജയകരമായി പിന്തുടർന്ന മത്സരങ്ങൾക്കും കഴിഞ്ഞ രണ്ട് സീസണുകൾ സാക്ഷ്യം വഹിച്ചു. സമാനമായ ആവേശകരമായ റൺവേട്ട ഇത്തവണയും പ്രതീക്ഷിക്കാമെന്ന് എ. എം. ബിജു പറഞ്ഞു. ട്വന്റി-20യുടെ ആവേശം പൂർണമായി നിലനിർത്തുന്ന തരത്തിലാണ് വിക്കറ്റുകൾ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മഴ പെയ്താലും ഗ്രീൻഫീൽഡിൽ മത്സരം അധികനേരം മുടങ്ങില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മഴ മാറിയാൽ ഏകദേശം അരമണിക്കൂറിനുള്ളിൽ മത്സരം പുനരാരംഭിക്കാൻ കഴിയുന്ന ആധുനിക ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. ക്യൂറേറ്റർ എ. എം. ബിജുവിന്റെ നേതൃത്വത്തിൽ 25 പേരോളം അടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്ഫീൽഡിന്റെയും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.
മൂന്നര പതിറ്റാണ്ടിലേറെയായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിശ്വസ്ത ക്യൂറേറ്ററാണ് എ. എം. ബിജു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിച്ചുകൾ ഒരുക്കിയാണ് അദ്ദേഹം ഈ രംഗത്ത് സജീവമായത്. പിന്നീട് ഗ്രീൻഫീൽഡ്, തുമ്പ, മംഗലപുരം തുടങ്ങി കേരളത്തിലെ വിവിധ സ്റ്റേഡിയങ്ങളിലെ പിച്ചുകളുടെ ഒരുക്കത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.
ബാറ്റും പന്തും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങൾക്ക് ഇനി ഗ്രീൻഫീൽഡ് കാത്തിരിക്കുകയാണ്. റണ്ണൊഴുകുന്ന പിച്ചുകളും മഴയെ അതിജീവിക്കുന്ന സംവിധാനങ്ങളും ഒരുക്കിയതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശം പകരാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.



