ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം… അധ്യാപിക മരിച്ചു

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപിക ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ധന്യ, ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ബുധനാഴ്ച വൈകിട്ടാണ് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ധന്യയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചൂര മീൻ അച്ചാറും മരിച്ചീനി പുഴുങ്ങിയതുമാണ് ഭക്ഷിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ ധന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് മണലിമുക്കിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.

Related Articles

Back to top button