മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ‘ഹൈക്കമാൻഡ്’ ഇടപെടൽ ഭരണഘടനാ വിരുദ്ധം…. കടുത്ത വിമർശനവുമായി അഡ്വ. ശിവൻ മഠത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നടപടികൾ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച് ജനറൽ സെക്രട്ടറി അഡ്വ. ശിവൻ മഠത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വ്യക്തിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ജനങ്ങൾ തിരഞ്ഞെടുത്ത എംഎൽഎമാർ യോഗം ചേർന്ന് തങ്ങളുടെ നേതാവിനെ സ്വതന്ത്രമായി തീരുമാനിക്കണമെന്നും അത് ജനങ്ങളെ അറിയിക്കണമെന്നുമാണ് ഭരണഘടനാപരമായ രീതി. എന്നാൽ എഐസിസി (AICC) രഹസ്യമായി എംഎൽഎമാരെ കാണുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാഹചര്യങ്ങളില്ലാതെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഉചിതമല്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി നിലവിൽ ആലപ്പുഴ എംപിയാണ്. നേരത്തെ രാജസ്ഥാനിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ചാണ് ഇദ്ദേഹം ആലപ്പുഴയിൽ മത്സരിച്ചത്. ഇനി മുഖ്യമന്ത്രിയാകാൻ ആലപ്പുഴ എംപി സ്ഥാനവും രാജിവെക്കേണ്ടി വരും. ഇത്തരത്തിൽ തുടർച്ചയായ ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാകുന്നത് ജനങ്ങളുടെ നികുതിപ്പണം (ഏകദേശം 75 കോടി രൂപ) പാഴാക്കുന്നതിന് തുല്യമാണെന്ന് സംഘടന ആരോപിച്ചു. ജനാധിപത്യ പ്രക്രിയയിൽ ഇത്തരം നീക്കങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച് വ്യക്തമാക്കി.



