ബാർ പ്രവർത്തന സമയത്തിൽ ഈ ജില്ലയിൽ മാത്രം പ്രത്യേക ഇളവില്ല… മന്ത്രി എം. ലിജു

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തന രീതിയെ വിമർശിച്ച് എക്സൈസ് മന്ത്രി എം. ലിജു. വിമുക്തി ഉദ്യോഗസ്ഥർക്കായി ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയം ജില്ലയിലെ ബാറുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, രാവിലെ ഏഴ് മണി മുതൽ തന്നെ ജില്ലയിൽ പല ഭാഗങ്ങളിലും ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞു.

കോട്ടയം ജില്ലയ്ക്ക് മാത്രം പ്രത്യേക സാഹചര്യം തുടരേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണെന്നും, പാലക്കാട് സ്വദേശിയായ അദ്ദേഹം അല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും എം. ലിജു പറഞ്ഞു. അതേസമയം, പത്തനംതിട്ട ജില്ലയിൽ വ്യാപകമായി നടക്കുന്ന കള്ളവാറ്റ് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ സ്വയംപര്യാപ്തവും അല്ലാത്തതുമായ ഷാപ്പുകളുടെ കൃത്യമായ പട്ടിക പോലും ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, എല്ലാ ജില്ലകളിൽ നിന്നും വേർതിരിച്ച പട്ടിക അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികളിലും മന്ത്രി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർ ബാറുകളിൽ പോയി കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന പരാതികൾ ബാർ ഉടമകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ പരിശോധിക്കാൻ സംവിധാനം വേണമെന്നും, ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button