അനധികൃത കൽക്കരി ഖനി തകർന്നു; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിയെന്ന് സംശയം

ഝാർഖണ്ഡിലെ ധൻബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനി തകർന്ന് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. രാംകനാലി ഒപി പ്രദേശത്തിന് സമീപം ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. കൽക്കരി ശേഖരിക്കുന്നതിനിടെ ഖനിയുടെ മുകൾഭാഗം തൊഴിലാളികൾക്ക് മേൽ തകർന്നുവീഴുകയായിരുന്നു.
അപകടത്തിൽ മൂന്ന് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ഖനിയിൽനിന്ന് പുറത്തെടുത്തു. അതേസമയം, അപകടസമയത്ത് ഖനിക്കുള്ളിൽ ഉണ്ടായിരുന്ന നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് സംശയം. ഇവരെ കണ്ടെത്തുന്നതിനും പുറത്തെടുക്കുന്നതിനുമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടമുണ്ടായ ഖനി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഖനിയുടെ പ്രവർത്തനം അപകടസാധ്യത സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രവർത്തനം തടഞ്ഞിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ കോടതി ഉത്തരവുകളും ബന്ധപ്പെട്ട നിയമങ്ങളും മറികടന്ന് ഖനനം തുടരുകയായിരുന്നുവെന്നാണ് ആരോപണം.
അനധികൃത ഖനനത്തിന്റെ പശ്ചാത്തലത്തിലാണ് അപകടമുണ്ടായതെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഖനിക്കുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമേ വ്യക്തമാകൂ.



